തിരുവനന്തപുരം: പരിസ്ഥിതിലോല പ്രദേശ പട്ടികയില്‍ നിന്നും (ഇക്കോളജിക്കലി സെ ന്സിറ്റീവ് ഏരിയ-ഇഎസ്എ) ജില്ലയിലെ അമ്പൂരി, വാഴിച്ചാല്‍, കള്ളിക്കാട് വില്ലേജുകളെ ഒഴിവാക്കണമെന്നും ഇഎസ് എയുടെ അതിര്‍ത്തി നെയ്യാര്‍ വന അതിര്‍ത്തിക്കുള്ളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്നുമുള്ള ആവശ്യം ശക്തമാക്കി പ്രദേശവാസികള്‍.
ഈ വില്ലേജുകളെ സാംസ്കാരിക ഭൂപ്രദേശമായി കണക്കാക്കണമെന്നു കാണിച്ച് അമ്പൂരി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി മന്ത്രി സണ്ണി ജോസഫിനും, ഡോ. ശശി തരൂര്‍ എംപിക്കും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനും കത്തയച്ചു. അമ്പൂരി പഞ്ചായത്ത് തയാറാക്കിയ പഠന റിപ്പോര്‍ട്ടും ഇതോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. പരിസ്ഥിതിലോല പ്രദേശമായി അടയാളപ്പെടുത്തിയ മേഖലയില്‍ അമ്പൂരി, വാഴിച്ചാല്‍, കള്ളിക്കാട് വില്ലേജുകളെ ഉള്‍പ്പെടുത്തിയത് നേരിട്ടുള്ള സ്ഥലപരിശോധന നടത്താതെയാണെന്നും കാര്യക്ഷമമായ ഒരു പരശോധന ഇതുവരെ നടന്നില്ലെന്നും റപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
അമ്പൂരി, വാഴിച്ചാല്‍, കള്ളിക്കാട് വില്ലേജുകളിലെ സ്വകാര്യ ഉടമസ്ഥതയിലുള്ളതും ജനവാസമുള്ളതുമായ പ്രദേശങ്ങളില്‍, ഗണ്യമായ തോതിലുള്ള ജനവാസവും കാര്‍ഷിക ഭൂവിനിയോഗവും ഉള്‍പ്പെടെയുള്ള സാംസ്കാരിക ഭൂപ്രകൃതിയുടെ സവിശേഷതകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2011ലെ സെന്‍സസ് പ്രകാരം രേഖപ്പെടുത്തിയ ജനസാന്ദ്രത അമ്പൂരിയില്‍ ചതുരശ്ര കിലോമീറ്ററിനു 243 പേരും, കള്ളിക്കാടില്‍ 627 പേരും, വാഴിച്ചാലില് 294 പേരുമാണ്. എച്ച്എല്ഡബ്ല്യൂജി മാനദണ്ഡപ്രകാരം നിശ്ചയിച്ചിട്ടുള്ള പരിധിയായ ചതുരശ്ര കിലോമീറ്ററിന് 100 പേര് എന്നതിനേക്കാള്‍ കൂടുതലാണിത്.
കുറഞ്ഞ റെസല്യൂഷനുള്ള റിമോട്ട് സെന്‍സിംഗ് ചിത്രങ്ങള്‍ ഉപയോഗിച്ച് റബര്‍ തോട്ടങ്ങളെയും വനമേഖലയെയും വേര്തിരിച്ചറിയുന്നതിലുള്ള പ്രയാസവും റിപ്പോര്‍ട്ട് എടുത്തുപറയുന്നു. കാരണം ഇവയുടെ സ്പെക്ട്രല്‍ സിഗ്നേച്ചറുകള്‍ സമാനമായിരിക്കാം. അതിനാല്‍ ഇഎസ്എയുടെ അതിര്‍ത്തി നെയ്യാര്‍ വന്യജീവി സങ്കേതത്തിന്റെ വനാതിര്‍ത്തിക്കുള്ളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ വില്ലേജ് പ്രദേശങ്ങളില്‍ കടുവകളുടെയോ ആനകളുടെയോ വന്യജീവി ഇടനാഴികളോ ചുവപ്പ് അല്ലെങ്കില്‍ മഞ്ഞ വിഭാഗത്തില്‍പ്പെട്ട വ്യവസായങ്ങളോ പദ്ധതികളോ ഇല്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സങ്കേതത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ വലിയ ക്വാറി പ്രവര്‍ത്തനങ്ങളോ മണല്‍ ഖനനമോ ഇല്ല. വനമേഖലയ്ക്കും ജലസംഭരണി പ്രദേശത്തിനും പുറത്തുള്ള സ്വകാര്യ ഭൂമികളെ സാംസ്കാരിക ഭൂപ്രകൃതിയായി തരംതിരിക്കണമെന്നും ഇഎസ്എ നിയന്ത്രണങ്ങളില്‍ നിന്ന് അവയെ ഒഴിവാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജില്ലയില്‍ മൂന്നു ഗ്രാമങ്ങള്‍
തിരുവനന്തപുരം: പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങള്‍ നിര്‍ണയിക്കുന്നതിനായി ഡോ. കെ. കസ്തൂരിരംഗന്റെ അധ്യക്ഷതയില്‍ രൂപീകരിച്ച ഉന്നതതല സമിതി (ഹൈ ലെവല്‍ വര്‍ക്കിംഗ് ഗ്രൂപ്പ്) എച്ച്എല്‍ഡബ്ല്യുജി 2013 ഏപ്രില്‍ 15ന് കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
റിപ്പോര്‍ട്ട് പ്രകാരം, കേരളത്തിലെ 123 ഗ്രാമങ്ങളാണ് പരിസ്ഥിതിലോല പ്രദേശങ്ങളുടെ ഇഎസ്എ പരിധിയില്‍ വരുന്നത്. തിരുവനന്തപുരം ജില്ലയുടെ കിഴക്കന്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്നതും നെയ്യാര്‍ വന്യജീവി സങ്കേതവുമായും നെയ്യാര്‍ ജലസംഭരണിയുമായും അതിര്‍ത്തി പങ്കിടുന്നതുമായ അമ്പൂരി, വാഴിച്ചാല്‍, കള്ളിക്കാട് എന്നീ മൂന്നു ഗ്രാമങ്ങളാണ് ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടത്. നേരിട്ടുള്ള സ്ഥലപരിശോധനയും പ്രസക്തമായ ഭൗമസ്ഥല വിവര മാനദണ്ഡങ്ങളും കൃത്യമായി വിലയിരുത്തിയിരുന്നെങ്കില്‍ ഈ മൂന്ന് ഗ്രാമങ്ങളെയും പരിസ്ഥിതി ലോല പ്രദേശങ്ങളുടെ ഇഎസ്എ പട്ടികയില്‍ ഉള്പ്പെടുമായിരുന്നില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
അമ്പൂരി
തിരുവനന്തപുരം: ജില്ലയുടെ തെക്കുകിഴക്കന്‍ ഭാഗത്തും നെയ്യാര്‍ നദീതടത്തിന്റെ വടക്കന്‍ മേഖലയിലുമായി സ്ഥിതി ചെയ്യുന്ന ഗ്രാമപ്രദേശമാണ് അമ്പൂരി. 38 ചതുരശ്ര കിലോമീറ്ററാണ് വിസ്തീര്‍ണം. പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം ചുറ്റും കുന്നുകളാല്‍ വലയം ചെയ്യപ്പെട്ടുകിടക്കുന്നു. അമ്പൂരിയുടെ തെക്കുകിഴക്കായി തമിഴ്നാട് സ്ഥിതി ചെയ്യുന്നു. തെക്ക്, തെക്കുപടിഞ്ഞാറ്, പടിഞ്ഞാറ് എന്നീ ദിശകളില്‍ യഥാക്രമം വെള്ളറട, ആര്യങ്കോട്, കള്ളിക്കാട് എന്നീ ഗ്രാമപഞ്ചായത്തുകള്‍. വടക്ക്, കിഴക്ക് ഭാഗങ്ങള്‍ നെയ്യാര്‍ വന്യജീവി സങ്കേതത്താല്‍ വ്യാപിച്ചുകിടക്കുന്നു. ഉയര്‍ന്ന വിളവ് നല്‍കുന്നതും വര്‍ഷം മുഴുവന്‍ പച്ചപ്പാര്‍ന്നതുമായ റബര്‍ തോട്ടങ്ങള്‍ക്ക് അമ്പൂരി പ്രശസ്തമാണ്. കൂടാതെ തെങ്ങ്, കുരുമുളക്, ഔഷധസസ്യങ്ങള്‍ എന്നിവയും ഇവിടെ കൃഷി ചെയ്യുന്നു.
പരിശോധന നടത്തണം
തിരുവനന്തപുരം: സാംസ്കാരികവും പ്രകൃതിദത്തവുമായ ഭൂപ്രകൃതികളെ വേര്‍തിരിച്ചറിയുന്നതിനായി വനമേഖലകളും സ്വകാര്യ ഭൂമികളും സംഗമിക്കുന്ന അതിര്‍ത്തി പ്രദേശങ്ങളില്‍ നേരിട്ടുള്ള പരിശോധന നടത്തണമെന്നു അമ്പൂരി പഞ്ചായത്ത് പ്രസിഡന്റ് തോമസ് മംഗലശേരി ആവശ്യപ്പെട്ടു. വനമേഖലകളുടേതിനു സമാനമായ സ്പെക്ട്രല്‍ സിഗ്നേച്ചറുകള്‍ പ്രകടിപ്പിക്കുന്ന റബര്‍ തോട്ടങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക മേഖലകളെ പരിസ്ഥിതിലോല പ്രദേശങ്ങളുടെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.